കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയായിരുന്നു നടന്നത്. നാട് നടുങ്ങിയ പ്രഭാതത്തിന്റെ ഓർമ്മ ഒരിക്കല്‍കൂടി തിളച്ചുമറിയുകയായിരുന്നു കോടതിപരിസരത്ത്.ശനിയാഴ്ചതന്നെ ശിക്ഷയുണ്ടാകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ശിക്ഷാവിധി തിങ്കളാഴ്ചത്തേക്കു മാറ്റിയെങ്കിലും, പ്രതി കുറ്റക്കാരനണെന്ന കോടതി ഉത്തരവ് വന്നതോടെ ആളുകള്‍ പിരിഞ്ഞു. 2024 മേയ് 15-ന് പുലർച്ചെ കാഞ്ഞങ്ങാട് ഉണർന്നത് മൂന്നാംക്ലാസുകാരിക്കുനേരേയുണ്ടായ കൊടുംക്രൂരത അറിഞ്ഞാണ്.

പ്രതിക്കുവേണ്ടിയുള്ള തിരച്ചിലില്‍ പോലീസിനൊപ്പം നാടൊന്നാകെ ചേർന്നു. എല്ലാവർക്കും ഒരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ, കുറ്റവാളിയെ എത്രയും പെട്ടെന്ന് അഴിക്കുള്ളിലാക്കുക. ആളുകളുടെ വികാരത്തിനൊത്ത് ഉയർന്ന പോലീസ് ഒൻപത് ദിവസംകൊണ്ട് പ്രതിയെ പിടിച്ചു. കുടക് നാപ്പോക്ക് സ്വദേശിയായ സലീമായിരുന്നു പ്രതി.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടില്‍ കല്യാണം കഴിച്ച് നാലു മക്കളുള്ളയാളാണ് ക്രൂരത നടത്തിയതെന്ന് ആർക്കും വിശ്വസിക്കാനായില്ല. സ്ഥിരമായി ഇവിടെ താമസിക്കാറില്ല. ഇടയ്ക്കിടെ കുടകിലേക്കു പോകും. അതിനാല്‍ ഇവിടത്തെ ആളുകള്‍ക്ക് വലിയ പരിചയമൊന്നും സലീമുമായില്ല. വിചാരണക്കോടതിയില്‍ ഇയാളുടെ ഭാര്യയുടെ മൊഴിപോലും പ്രോസിക്യൂഷന് അനുകൂലമായിരുന്നു. തലേന്ന് വീട്ടില്‍ വന്നതും താൻ 500 രൂപ കൊടുത്ത് എവിടേക്കെങ്കിലും പൊയ്ക്കൊള്ളാൻ പറഞ്ഞതുമെല്ലാം ഭാര്യയുടെ മൊഴിയിലുണ്ടായിരുന്നു.
67 സാക്ഷികളാണ് കേസിലുള്ളത്. രക്തസാംപിള്‍, സംഭവസമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോർച്ച്, പീഡനം നടന്ന സ്ഥലത്തുനിന്നു കിട്ടിയ തലമുടി, 20, 50 രൂപയുടെ നോട്ടുകള്‍, സിസിടിവി ദൃശ്യങ്ങളുടെ വീഡിയോ ഫയല്‍ തുടങ്ങി 40-ലധികം വസ്തുക്കള്‍, കുട്ടി ഹൊസ്ദുർഗ് മജിസ്ട്രേറ്റിന് നല്കിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാൻ തുടങ്ങി 15-ലധികം രേഖകള്‍ എന്നിവയും 300 പേജുകളുള്ള കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. പ്രതിക്കെതിരേയുള്ള കോടതിവിധി കേള്‍ക്കാനെത്തിയവരുടെ കൂട്ടത്തില്‍ ഇരയായ കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും പ്രദേശത്തെ നിരവധിയാളുകളുമെത്തിയിരുന്നു.
വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ
അപൂർവത്തില്‍ അപൂർവമായ കേസാണെന്നും പ്രതി സലീമിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. എ. ഗംഗാധരൻ വാദിച്ചത് സുപ്രീംകോടതിയുടെ നാല് വിധികളെ ഉദ്ധരിച്ച്. 1980-ല്‍ ബച്ചൻസിങ്ങും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിലും 1983-ല്‍ മച്ചിസിങ്ങും പഞ്ചാബ് സർക്കാരുമായുള്ള കേസിലും സുപ്രീംകോടതി പറഞ്ഞത് ഒരാള്‍ നന്നാകുന്നില്ലെങ്കില്‍, ക്രൂരകൃത്യം ആവർത്തിക്കുന്നുണ്ടെങ്കില്‍ വധശിക്ഷ നല്‍കാമെന്നാണ്. ഇവിടെ സമാനമായ അനുഭവമുണ്ടെന്ന് പ്രതിയുടെ മുൻ കേസ് ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷൻ വാദിച്ചു. ബന്ധുവായ 12 വയസ്സുള്ള കുട്ടിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസുണ്ട് സലീമിന്റെ പേരില്‍. മേല്‍പ്പറമ്ബ് പോലീസ് സ്റ്റേഷനിലുള്ള ഈ കേസിന്റെ വിചാരണ നടക്കാനിരിക്കുകയാണ്. 2011-ല്‍ അബ്ദുള്മന്നനും ബിഹാർ സർക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയുടെ വിധി പ്രസ്താവമായിരുന്നു മറ്റൊന്ന്.
അപൂർവമാണെന്ന് വിചാരണക്കോടതിക്ക് ബോധ്യപ്പെട്ടാല്‍ വധശിക്ഷ നല്‍കാമെന്നായിരുന്നു ആ വിധിയില്‍ സുപ്രീംകോടതി പറഞ്ഞതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഏഴുവയസ്സുകാരിയ പീഡിപ്പിച്ച് കൊന്ന തിവാരിയെന്നയാളും മധ്യപ്രദേശ് സർക്കാരും തമ്മിലുള്ള കേസാണ് നാലാമതായി ഉദ്ധരിച്ചത്. 1996-ലെ ഈ സുപ്രീംകോടതി വിധിയില്‍, ഒരാള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് തോന്നിയാല്‍ വിചാരണക്കോടതിക്ക് വധശിക്ഷ നല്‍കാമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം നടന്ന വാദം മുക്കാല്‍മണിക്കൂറോളം നീണ്ടു. അപൂർവതയൊന്നും ഈ കേസിനില്ലെന്നും അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്നും പ്രതിക്ക് നിയമസഹായത്തിന് സർക്കാർ നിയോഗിച്ച അഭിഭാഷകൻ ടി.എം. ദേവദാസ് വാദിച്ചു. പ്രതിയുടെ പിതാവിന്റെ രോഗാവസ്ഥ, കുടുംബത്തിലെ അവസ്ഥ തുടങ്ങിയ കാര്യങ്ങളും ഇദ്ദേഹം വിശദീകരിച്ചു.
‘ഈ കോടതി വന്ന ശേഷമുള്ള കോളിളക്കമുണ്ടാക്കിയ കേസിലെ ആദ്യ വിധി’
‘എത്രയോ കേസുകളില്‍ വിധി പറഞ്ഞു. പതിറ്റാണ്ടുകള്‍ തടവിലാകുന്ന ശിക്ഷാവിധിയുമുണ്ടായി. എന്നാല്‍ ഇത്രയും ക്രൂരമായതും അത്രയേറെ കോളിളിക്കമുള്ളതുമായ കേസ് ഈ കോടതിയില്‍ ആദ്യമാണ്’- ലെയ്സൻ ഓഫീസർ എ.വി. ശോഭന പറയുന്നു. നാലുവർഷമായി ഹൊസ്ദുർഗ് അതിവേഗ പ്രത്യേക പോക്സോ കോടതി കാഞ്ഞങ്ങാട്ടെ കോടതിസമുച്ചയത്തില്‍ സ്ഥാപിതമായിട്ട്. അന്നുമുതല്‍ ഡ്യൂട്ടിയിലുണ്ട് ബങ്കളം സ്വദേശിയായ ശോഭന. കാസർകോട് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഎസ്ഐ ആണിവർ. ഡെപ്യൂട്ടേഷനിലാണ് കോടതിയിലെ ലെയ്സൻ ഓഫീസർ ജോലിയിലെത്തിയത്. ഈ കേസിന്റെ നാള്‍വഴികള്‍ പറയുമ്ബോള്‍ സാക്ഷികളില്‍ ഉയർന്ന രോഷത്തെക്കുറിച്ചാണ് ഇവർ പറയുന്നതത്രയും. പറയുമ്ബോള്‍ വിതുമ്ബിയത്, കണ്ണുനിറഞ്ഞത്, പ്രതിയെ ശപിച്ചത്. കുട്ടിയുടെ വേദനയില്‍ ചേർന്നുനിന്നാണ് ഓരോ സാക്ഷിമൊഴിയും-ശോഭന പറഞ്ഞു.


