നിയമസഭയില്‍ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചു റോജി എം ജോണ്‍ എംഎല്‍എ. അന്ന് പൊലീസ് മർദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മർദ്ദിച്ചതെന്ന് റോജി പറഞ്ഞു.

ജനാധിപത്യ പരമായി ചോദ്യം ചെയ്തതിനാണ് മർദ്ദനം. രാജ ഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നും റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ സുജിത്ത് നേരിട്ട പൊലീസിൻ്റെ കസ്റ്റഡി മർദ്ദനം വിവരിച്ചു കൊണ്ടായിരുന്നു അടിയന്തര പ്രമേയത്തില്‍ റോജി സംസാരിച്ചത്. പൊലീസ് കസ്റ്റഡി മർദനങ്ങള്‍ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നല്‍കുകയായിരുന്നു.
സുജിത്തിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും 45 ലധികം തവണയാണ് പൊലീസ് മർദിച്ചതെന്നും റോജി എം ജോണ്‍ പറഞ്ഞു. കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. സസ്പെൻഷൻ ഒരു നടപടി അല്ല. സിസിടിവി ദൃശ്യം നേരത്തെ പൊലീസ് മേലധികാരികള്‍ കണ്ടു. പൊലീസ് ഗുണ്ടാ സംഘമായി. നിരന്തര നിയമ പോരാട്ടം നടത്തിയില്ലെങ്കില്‍ പുറം ലോകം അറിയുമായിരുന്നോ. സസ്പെന്റ് ചെയ്ത് മാതൃക കാട്ടിയെന്ന് ദയവായി ന്യായാകരിക്കരുത്. സസ്പെൻഷൻ ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. ആദ്യം എടുത്തത് സ്ഥലം മാറ്റം മാത്രമായിരുന്നു. പൊലീസ് ക്ലബിലെ പഞ്ചിങ് ബാഗില്‍ ഇടിക്കും പോലെ സുജിത്തിനെ ഇടിച്ചു. മർദിച്ചവരെ സേനയില്‍ നിന്ന് നീക്കണം. സിസിടിവി ദൃശ്യം പുറത്തു വരാതിരിക്കാൻ ശ്രമിച്ചുവെന്നും റോജി പറഞ്ഞു. പീച്ചിയിലെ മർദ്ദനവും എടുത്തു പറഞ്ഞു കൊണ്ടായിരുന്നു റോജിയുടെ പ്രസംഗം.


